തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറിയുടെ ഓണ്‍ലൈന്‍ കാറ്റലോഗ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ കാറ്റലോഗ് ഉപയോഗിച്ച്  സര്‍വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലോകത്തെവിടെ നിന്നും തിരയുന്നതോടൊപ്പം ലൈബ്രറിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന പുസ്തകങ്ങളുടെ വിവരങ്ങളും കാറ്റലോഗിലൂടെ ലഭ്യമാകുന്നതാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നേരിട്ട് സര്‍വകലാശാല സന്ദര്‍ശിക്കാന്‍ കഴിയാത്ത അധ്യാപകര്‍ക്കും ഗവേഷകരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യപ്പെടുന്ന പുസ്തകങ്ങളുടെ പരമാവധി ഇരുപത് പേജ് വരെയുള്ള അധ്യായങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഇ-മെയില്‍ മുഖേനെ അയച്ചുകൊടുക്കുന്ന പദ്ധതിയും ഇതോടനുബന്ധിച്ച് ലൈബ്രറി നടപ്പീലാക്കിയിട്ടുണ്ട്. കൂടാതെ സര്‍വകലാശാല ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള സംവിധാവും കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വകലാശാല ലൈബ്രറിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ വൈസ്ചാന്‍സലറുടെ സെക്രട്ടറി വി. സ്റ്റാലിന്‍ ലൈബ്രറി ഓപ്പറേഷന്‍സ് ഇന്‍ചാര്‍ജ് ജാബിര്‍മോന്‍ എം.പി. ലൈബ്രറി ജീവനക്കാരായ ദിലീപ് എം.പി. ഷെറിനാസ് വി., മുഹമ്മദ് റാഷിദ് ടി.കെ., ഹനീഷ ടി.പി., ദീപ കെ. ലിജീഷ് എം.ടി. എന്നിവര്‍ സംബന്ധിച്ചു.