ഇന്ന് മഞ്ചേരിയിൽ നിന്ന് തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ സമയം ഏകദേശം 3.30 ആവാൻ ആയി ളുഹർ നിസ്കരിക്കാൻ വേണ്ടി റോഡ് സൈഡിൽ കണ്ട പള്ളിയോട് ചേർന്ന് കാർ നിർത്തി ,, ഭാഗ്യം ഒരു സ്റ്റെപ് ഒള്ളു , കൂടെ സ്നേഹതീരത്തിന്റെ പിള്ളേർ ഉള്ളത് കൊണ്ട് ആ കടമ്പ കടന്ന് പള്ളിയിൽ കയറി വുളൂ ചെയ്ത് ഞങ്ങൾ മൂന്ന് വീൽകാലികളും മ്മടെ പിള്ളേരും ളുഹർ നിസ്കരിച്ചു അസർ ബാങ്ക് കൊടുക്കാൻ പിന്നെ മിനിറ്റുകൾ മാത്രം ബാക്കിയുണ്ടായിരുന്നത് കൊണ്ട് അത് കൂടെ കഴിഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി അവിടെ നിസ്കരിക്കാൻ വന്നവരൊക്കെ ഞങ്ങളെന്തൊ അന്യ ഗ്രഹ ജീവികൾ ആണെന്ന പോലെയുള്ള തുറിച്ചു നോട്ടം സഹിച്ചു ഇരിക്കുമ്പോഴാണ് ഒരു കാർന്നോർ വന്ന് രണ്ട് അലർച്ച..,,
"ആരോട് ചോദിച്ചിട്ടാണ് ഈ വണ്ടി പള്ളിയിൽ കയറ്റിയത് ഇത് പുറത്തു ഉരുളുന്ന വണ്ടി അല്ലെ"
ഈ കോലത്തിൽ ആയതിനു ശേഷം പല പള്ളുകളിലും വലിഞ്ഞ് കയറി അകത്തും പുറത്തും ആയി നിസ്കരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചോദ്യം ആദ്യമായിട്ടാണ് ,കേട്ടപാടെ ഇറങ്ങി പോരാൻ തോന്നിയെങ്കിലും കൂടെയുള്ളവരെ വിജാരിച്ച് നിസ്കാരം കഴിയുന്നത് വരെ കാത്തിരുന്നു , പുറത്തിറങ്ങിയ ഞങ്ങൾ പള്ളിയിലെ ഉസ്താദിനോടും അവിടെ ഉണ്ടായിരുന്ന നാട്ടുകാരോടുമായി പറഞ്ഞു ഒരു പള്ളിയിൽ കയറേണ്ട മര്യാദ ഞങ്ങൾക്ക് അറിയാം ഞങ്ങൾ വീൽചെയറിന്റെ ചക്രങ്ങൾ കഴുകിയതിന് ശേഷമാണ് പള്ളിയിലേക്ക് കയറിയത് , മാത്രമല്ല പൊടിയും ചളിയും നജസ്സാണെന്ന് ഏത് കിതാബിലാണ് ഉള്ളതെന്ന് ഞമ്മളെ റിയാസ് മാഷ് ചോദിച്ചപ്പോൾ നമ്മുടെ കാർന്നോര് ഉരുണ്ടു കളിക്കാൻ തുടങ്ങി ഇനി അങ്ങനെ ചളിയോ പൊടിയോ ഉണ്ടെങ്കി ഞങ്ങളുടെ അടുത്ത് വന്ന് ഒന്ന് പറഞ്ഞാൽ മതിയായിരുന്നു അട്ടഹസിക്കേണ്ട കാര്യം ഇല്ലായിരുന്നു പള്ളിയായത് കൊണ്ടാണ് ഇതിനുള്ള മറുപടി പറയാത്തത് എന്നും പറഞ്ഞ് ഞങ്ങൾ അവിടുന്ന് പോരുമ്പോൾ
അവിടെ കൂടിയ നാട്ടുകാർ എന്തോ പോയ അണ്ണാനെ പോലെ നോക്ക് നിൽക്കുന്നുണ്ടായിരുന്നു
അവിടുന്ന് കുറച്ഛ് ദൂരം പോന്ന് ഒന്ന് ഫ്രഷ് ആവാൻ വേണ്ടി മേൽമുറി മ'അദിൻ ഗ്രാൻഡ് മസ്ജിദിൽ എത്തിയപ്പോൾ അവിടെ പരിപാടി നടക്കുന്നത് കൊണ്ട് വാഹന പ്രവേശനം നിരോധിച്ചിരിക്കുന്നു പക്ഷെ ഞങ്ങളുടെ കാറിലുള്ള വീൽചെയർ എംബ്ലം കണ്ട സെക്യൂരിറ്റികാരൻ വണ്ടി അകത്തേക്ക് വിടുകയും പ്രത്യേക പാർക്കിങ്ങ് സൗകര്യം തരുകയും ചെയ്തു ഞങ്ങളെ കണ്ട ഉടനെ അവിടുത്തെ ഉസ്താദമാരും മുതഅല്ലിമുകളും (വിദ്യാർഥികൾ) സ്വീകരിക്കാൻ വേണ്ടി വന്നു,, അവരുടെ നിർബന്ധത്തിനു വഴങ്ങി ഇന്നത്തെ നോമ്പ് തുറയും അവിടെ തന്നെയാകാം എന്ന് കരുതി വിശാലമായ റാംപ് സൗകര്യത്തിലൂടെ പള്ളിയിലേക്ക് കയറി ഞങ്ങളെ കണ്ടതോടെ അവിടെയുണ്ടായിരുന്നവർ അടുത്ത് വന്ന് സലാം പറയുകയും , കുശാലന്ന്വേഷണം നടത്തുകയും ഫോണ് നമ്പർ വാങ്ങുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു,, നോമ്പ് തുറക്കാറായപ്പോൾ നൂറുകണക്കിനാളുകൾ പള്ളിയിലുണ്ടായിരുന്നു അവർക്കൊക്കെയുള്ള കാരക്കയും വെള്ളവും അവിടുത്തെ വിദ്യാർഥികൾ കൊണ്ടു് തന്നു നിസ്കാരം കഴിഞ്ഞപാടെ ഞങ്ങൾക്കുള്ള ഭക്ഷണം പ്രത്യേകമായി അവിടുത്തെ കുട്ടികൾ പള്ളിയിലെ വരാന്തയിൽ കൊണ്ട് തന്നു ഭക്ഷണം കഴിച്ചു കൈ കഴുകുന്നത് വരെ അവർ ഞങ്ങളുടെ കൂടെ നിന്നു ഇന്ന് അവിടെ തങ്ങി നാളെ പോവാമെന്ന് പറഞ്ഞു ഞങ്ങളെ അവർ അവിടെ താമസിക്കാനും ക്ഷണിച്ചു.. ..അൽഹംദുലില്ലാഹ്...
അവിടുന്നിറങ്ങുമ്പോൾ മനസ്സിൽ ആലോചിച്ചു പടച്ചോനെ നേരത്തെ കണ്ടതും പള്ളി ആണേല്ലോ,,ഇതും ഒരു പള്ളി ആണല്ലോ എന്ന്... ഇവിടെ കണ്ട ചെറിയ കുട്ടികളുടെ സഹ ജീവി സ്നേഹത്തിന്റെ പകുതി പോലും ആ കാർന്നോർക്ക് ഇല്ലാതെ പോയല്ലോ
ഇനിയും നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർ സഹ ജീവികളുടെ അവസ്ഥ മനസ്സിലാക്കേണ്ടതുണ്ട് ഇനിയുള്ള കാലം അല്ലാഹുവിന്റെ ഭവനത്തിലെങ്കിലും ഈ വീൽകാലികളെ പടിക്കെട്ടുകൾ കൊണ്ട് പുറത്ത് നിർത്തി അപമാനിക്കരുതെന്ന് അഭ്യർത്തിക്കുന്നു
മുഹമ്മദ് റബീഹ് വരമ്പനാല
0 Comments