പോലീസ് സേനാംഗങ്ങൾക്ക് എന്നും അന്നം നൽകി സ്വീകരിക്കുന്ന ജാനകിയമ്മയ്ക്ക് കനിവിന്റെ പുതിയ വീടൊരുങ്ങാൻ കരണക്കാരായി  തളിപ്പറമ്പ് ജനമൈത്രി പോലീസ്. കഴിഞ്ഞ 12 വർഷമായി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ മെസ് പാചകക്കാരിയാണ് പട്ടുവം മുറിയാത്തോട് മംഗലശ്ശേരിയിലെ താഴത്ത് വീട്ടിൽ ജാനകിയമ്മ (57).

ഇത്രയും കാലം പണിയെടുത്തിട്ടും രാത്രി തലചായ്ക്കാൻ  നല്ലൊരു കിടപ്പാടം ജാനകിയമ്മയ്ക്ക് ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാനായി ഒരു വീട് നിർമിച്ച് നൽകാൻ പോലീസ് കൂട്ടായ്മ രംഗത്തിറങ്ങുകയായിരുന്നു. വീടിന്റെ ഒന്നാം നിലയുടെ വാർപ്പ് തിങ്കളാഴ്ച രാവിലെ നടന്നു. കൽപ്പണിയും കോൺക്രീറ്റുമെല്ലാം ചെയ്തത് ലാത്തി പിടിക്കുന്ന കൈകൾ തന്നെ.

വർഷങ്ങൾക്ക് മുൻപ് മുറിയത്തോട് ഫാ. സുക്കോളിന്റെ കാരുണ്യത്തിൽ ലഭിച്ച കൊച്ചു വീട്  ജീർണാവസ്ഥയിലായിരുന്നു. പൊളിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെ  അന്തിയുറങ്ങുമ്പോഴും പരാതിയോ പരിഭവമോ ഇല്ലാതെ പോലീസുകാർക്ക് ഭക്ഷണമൊരുക്കുവാൻ ഇവർ കൃത്യമായി എത്തുമായിരുന്നു.

തളിപ്പറമ്പ് ഡിവൈ.എസ്.പി.യായി പി.കെ.സുധാകരൻ സേവനമനുഷ്ഠിക്കുമ്പോഴാണ് ജാനകിയമ്മക്ക്  ഒരു വീട് നിർമിച്ച് നൽകണമെന്ന ആശയം ഉയർന്നത്. ഇപ്പോഴത്തെ ഡിവൈ.എസ്.പി. എം.കൃഷ്ണനും ആ ദൗത്യം ഏറ്റെടുത്തതോടെയാണ് നിർമാണ പ്രവൃത്തികൾക്ക് വേഗം കൂടിയത്.

സി.ഐ. എം.അനിൽകുമാർ, എസ്.ഐ. പ്രശോഭ് എന്നിവരും അകമഴിഞ്ഞ സഹായവും സഹകരണവുമാണ് നൽകിയത്. എസ്.ഐ. മൊയ്തീൻ, എ എസ് ഐ ശാർങധരൻ, എഎസ്ഐ രമേശൻ, കെ. പ്രിയേഷ്,  സീനിയർ സി.പി.ഒ.സത്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് വീട് നിർമാണത്തിന്റെ ഓരോ ഘട്ടവും പുരോഗമിക്കുന്നത്.

ഓരോ മാസവും സേനാംഗങ്ങൾ തങ്ങളുടെ ശമ്പളത്തിൽനിന്ന്‌ മാറ്റിവെക്കുന്ന സംഖ്യയാണ് വീടിനുവേണ്ടി സാധനസാമഗ്രികൾ വാങ്ങാൻ സമാഹരിച്ചത്.

#keralapolice