ജില്ലയുടെ അക്ഷര നഗരിയായ കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിന് നാട്ടുകാരിയായ ആയിഷാബി ടീച്ചർ നൽകിയ സംഭാവന ഏറെ വിസ്മയിപ്പിക്കുന്നതാണ്. നീണ്ട 35 വർഷത്തെ സ്തുത്യർഹ സേവനം കൊണ്ട് അധ്യാപന ജീവിതം ധന്യമാക്കിയ ആയിഷാബി ടീച്ചർ കല്പകഞ്ചേരി ജി.എം.എൽ.പി സ്കൂളിന്റെ പടിയിറങ്ങുന്നത് നിറഞ്ഞ ചാരിഥാർത്ഥ്യത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ്. ആയിരങ്ങൾക്ക് അറിവ് പകർന്ന ഈ നാട്ടുകാരി ടീച്ചർ വിദ്യഭ്യാരംഗത്തെ പുരോഗമനപരമായ നിരവധി പ്രവർത്തനത്തിലൂടെ ശ്രദ്ദേയമായി. റവന്യൂ ഇൻസ്പെക്ടറായിരുന്ന കല്പകഞ്ചേരിയിലെ പാങ്ങാട്ട് മൊയ്തീൻ കുട്ടിയുടെയും അധ്യാപികയായിരുന്ന ഫാത്തിമ ടീച്ചറിന്റെയും മകളായ ആയിശാബി കല്പകഞ്ചേരി ജി.എം.എൽ.പി സ്കൂൾ,കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂൾ, പി.എസ്.എം.ഒ കോളെജ് തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. പഠിച്ച സ്കൂളുകളിൽ തന്ന് ജോലി ചെയ്യാൻ സാധിച്ചത് വലിയ സുകൃതമായാണ് ടീച്ചർ കാണുന്നത്.

ആയിശാബി ടീച്ചർക്കെല്ലാം സ്വന്തം രീതികളായിരുന്നു. അല്ല കുട്ടികളുടെ പഠന നിലവാരത്തിനുവേണ്ടി പതിവു പല്ലവികളിൽ നിന്നുമാറി ടീച്ചർ സ്വന്തം രീതികൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഈ ഉദ്യമം വലിയ ഫലമാണ് തന്നത് എന്ന് ഈ സ്കൂളിന്റെ ചരിത്രം ശരിവെക്കുന്നു. ഇല്ലായ്മകളോട് പടവെട്ടി ഈ സ്കൂൾ നടന്നടുത്തത് ചരിത്രത്തിലേക്കാണ്. എൽ പി സ്കൂളുകൾ കുട്ടികളെ കിട്ടാതെ പ്രതിസന്ധികൾ നേരിടുന്ന ഇക്കാലത്ത് ഈ സ്കൂളിൽ അഡ്മിഷൻ നിർത്തി വെക്കേണ്ട അവസ്ഥയാണ്. സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ടീച്ചറും സഹപ്രവർത്തകരും നിസ്സഹായരാവുന്ന അവസ്ഥയായിരുന്നു. എങ്കിലും രക്ഷിതക്കൾ ദൂരസ്ഥലങ്ങളിൽ നിന്നുപോലും കുട്ടികളെ ഇവിടെ ചേർകാൻ താല്പര്യപ്പെടുന്നു. അതിന് കാരണം തേടിയാൽ നാം ചെന്നെത്തുക ജീവിതം സ്കൂളിനായി സമർപ്പിച്ച ആയിശാബി ടീച്ചറിലാണ്. പാഠ്യ പാഠ്യേതര രംഗത്ത് ഏറെ മികവ് പുലർത്തി ജില്ലയിലെ ശ്രദ്ദേയമായ സ്കൂളുകളിലൊന്നാവാൻ 750 ഓളം കുട്ടികൾ പഠിക്കുന്ന കല്പകഞ്ചേരി ജി.എൽ.പി ക്ക് സാധിച്ചു. എൽ.എസ്.എസ്, വിവിധ മത്സര പരീക്ഷകൾ, കലാകായികം, തുടങ്ങിയവയിൽ തിളങ്ങി നിൽക്കുന്ന സ്കൂൾ പച്ചക്കറി കൃഷിയിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി.

വളരെ നേരത്തെ സ്കുളിലെത്തുന്ന ടീച്ചർ ജീവിതത്തിലെ അധികസമയവും സ്കൂളിൽ ചെലവഴിച്ചു. അവധി ദിനങ്ങളിൽ പോലും സ്കൂളിലെത്തുക പതിവാണ്. ഏത് ചെറിയ കാര്യങ്ങളിൽ പോലും തന്റെ ശ്രദ്ധയും സൂക്ഷ്മതയും ഉറപ്പ് വരുത്തി. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പൾസറിഞ്ഞ അപൂർവ്വം അധ്യാപികമാരിൽ ഒരാളായിരുന്നു ആയിശാബി ടീച്ചർ. കുട്ടികൾക്ക് സ്വന്തം അമ്മയായിരുന്നു കുട്ടികളുടെ എക്കാലത്തേയും മികച്ച ടീച്ചറായ ആയിശാബി ടീച്ചർ. വളരെ പരിമിതമായ സൗകര്യങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിച്ച് ഈ രംഗത്ത് ടീച്ചർ അസൂയാർഹമായ നേട്ടങ്ങൾ സ്വന്തമാക്കി. ക്ലാസുകൾ ആധുനിക വൽക്കരിച്ചു, മികച്ച കമ്പ്യൂട്ടർ ലാബ്, ഓപ്പൺ സ്റ്റേജ്, ഓഡിറ്റോറിയം, ക്ലാസ് മുറികളിൽ സൗണ്ട് സിസ്റ്റം, സ്കൂൾ സൗന്ദര്യ വൽക്കരണം, വിശാലമായ അടുക്കള തുടങ്ങിയവയിലൂടെ ജില്ലയിൽ തന്നെ മുൻ നിര സ്കൂളാക്കി ജി.എൽ.പി. സ്കൂൾ കല്പകഞ്ചേരിയെ മാറ്റി. ഭാഷാ പഠനത്തിന് പ്രത്യേകം സംവിധാനങ്ങളുണ്ടാക്കിയ ടീച്ചർ അസംബ്ലിക്ക് പോലും പ്രത്യേക രീതിയുണ്ടാക്കി. സ്കൂളിൽ ആദ്യമായി  മാഗസിൻ ഇറക്കി കുട്ടികളിലെ സർഗവാസനകൾ പരിപോഷിപ്പിച്ചു. മായം കലരാത്ത ഭക്ഷണം നൽകി കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചു. കുട്ടികൾ ധന സമ്പാധന ശീലമുണ്ടാക്കാൻ രീതികൾ അവലംഭിച്ചു. സ്കൂളിനു ചുറ്റും മരങ്ങൾ വെച്ച് പിടിപ്പിച്ച് തണലൊരുക്കി. ഈ ഗ്രീൻ ക്യാമ്പസ് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഏറ്റവും പുതിയ ടെക്നോളജിയോടെ കിണർ റീചാർജ്ജ് ചെയ്ത് വെള്ള ക്ഷാമം പരിഹരിച്ചു.

ആയിശാബി ടീച്ചർക്ക് വിദ്യാർഥികളും നാട്ടുകാരും ഗംഭീര യാത്രയയപ്പ് നൽകി. പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പും ഡോ.അൻ വർ അമീനും ഉപഹാരം നൽകി. സഹപ്രവർത്തകർ, പൂർവ്വ വിദ്യാർഥികൾ വിദ്യാർഥികൾ, പാചകക്കാർ, എം.ടി.എ, സഹപാഠികൾ, തുടങ്ങിയവരുടെ വകയായിരുന്നു ഉപഹാരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കുഞ്ഞാപ്പു, പി.ടി.എ പ്രസിഡന്റ് മണ്ണിൽ നാസർ, എ.ഇ.ഒ കെ.ടി. കൃഷ്ണദാസ്, വാർഡംഗം ശ്രീധരൻ, ഗോപാല കൃഷ്ണൻ, എ.പി. സബാഹ്, സി.പി. രാധാകൃഷ്ണൻ, സൈതുട്ടി, മുജീബ് തൃത്താല, അഷ് റഫ് മാസ്റ്റർ വയനാട്  തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ട ആഘോഷ പരിപാടിയിൽ വിദ്യാർഥികളുടെ വൈവിദ്യമാർന്ന കലാപരിപാടികളും അരങ്ങേറി.