പെണ്മക്കളെ "അടങ്ങിയൊതുങ്ങി ജീവിക്കണം" എന്നു പഠിപ്പിക്കരുത്. ഭർതൃഗ്രഹത്തിൽ നിന്ന് ഇറങ്ങി ഓടുവാൻ തോന്നുമ്പോൾ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളർത്തണം.
ഉറങ്ങാൻ കിടന്നിട്ടും തികട്ടി വരുന്ന രണ്ടു വാർത്തകൾ. 20 കിലോ തൂക്കം മാത്രമുള്ള ഭർതൃഗ്രഹത്തിലെ പീഡനത്തിൽ മരണപ്പെട്ട യുവതിയും, ക്രൂരമായി പീഡിപ്പിച്ചു കൊന്ന ആ ഏഴു വയസ്സുകാരനും.
മക്കളെയും താലിയും ഓർത്തു ഒന്ന് ഉറക്കെ നിലവിളിക്കാതെ ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. മദ്യപിച്ചു നാലു കാലിൽ വന്നു ഭാര്യയെയും മക്കളെയും തല്ലുന്നവരെ നാം അടുത്ത വീടുകളിൽ ഇരുന്ന് കേട്ടിട്ടുണ്ടാവില്ലേ?
ജോലി സമയത്തു അത്തരം കേസുകൾ കണ്ടിട്ടുണ്ട്. MLC എഴുതിയിട്ടുമുണ്ട്. പക്ഷെ അവസാനം ഒത്തുതീർപ്പായി വീണ്ടും അടി വാങ്ങി വന്നവരും ഉണ്ട്. "മക്കളെയോർത്തു" എന്ന പതിവ് മൊഴി. പിന്നെ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും എന്ന ഭയം.
ഇവിടെയാണ് സ്ത്രീകൾ സ്വയംപര്യാപ്തരായിട്ട് മാത്രം വിവാഹം കഴിക്കുക എന്നതിന്റെ പ്രസക്തി. "നീയില്ലെങ്കിലും ഞാൻ ജീവിക്കും" എന്ന വിശ്വാസം അവൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതോന്നുമല്ല. ഭർതൃവീട്ടുകാരെയോ ഭർത്താവിനോ താൻ അടിമയല്ല എന്നവളെ പഠിപ്പിക്കണം.
ഇനി പറയുവാനുള്ളത് രക്ഷകർത്താക്കളോടാണ്. 20-25 വർഷം പൊന്നേ കരളേ എന്നു വിളിച്ചു വളർത്തിയ പെണ്മക്കളെ ഒരുത്തൻ തൊഴിച്ചും, അടിച്ചും കൊല്ലാക്കൊല ചെയ്യുന്നത് നിങ്ങൾക്ക് സഹിക്കുമോ? മകൾ വിവാഹബന്ധം വേർപ്പെടുത്തി വീട്ടിൽ വന്നാൽ കുടുംബത്തിന് ഭാരമാകുമോ എന്ന് ചിന്തിക്കുമോ അതോ അവളുടെ ജീവനാണോ വലുത്? എന്തും സഹിച്ചു ജീവിക്കാൻ അവളോട് പറയരുത്. എന്തുണ്ടെങ്കിലും അമ്മയോടൊ അച്ഛനോടൊ പറയണം എന്ന് പഠിപ്പിക്കുക.
വിവാഹശേഷവും പെണ്മക്കളെ നെഞ്ചോട് ചേർക്കണം. ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണണം. വിവരങ്ങൾ അന്വേഷിക്കണം. അങ്ങോട്ട് വന്നില്ലെങ്കിൽ അവിടെ ചെന്ന് കാണണം. ഫോണിലൂടെ പറയുന്നത് മാത്രം വിശ്വസിക്കരുത്. ഒരുപക്ഷേ ഫോൺ വിളിക്കുമ്പോൾ അവളുടെ അടുത്തു ഭർത്തുവീട്ടുകാർ ഉണ്ടെങ്കിലോ? അവൾ വീട്ടുതടങ്കലിൽ ആണെങ്കിലോ?
നിസ്സാരമെന്നു തോന്നുമെങ്കിലും വീർപ്പുമുട്ടി ജീവിക്കേണ്ട ഒന്നല്ല ജീവിതം. പൊരുത്തപ്പെട്ടില്ലെങ്കിൽ ഒരു ബാഗും ഒക്കത്തു കുട്ടിയെയും എടുത്തു ഇറങ്ങുവാൻ പഠിപ്പിക്കുക. കൂടെ ഭർത്താവ് വരുന്നെങ്കിൽ വരട്ടെ. വന്നില്ലെങ്കിൽ വിവാഹമോചനം അതിലും എത്രയോ ഭേദം. തോൽവിയാണ് മരണം. മരിക്കുന്നതിലും 100 ശതമാനം ശെരി വിവാഹമോചനം തന്നെയാണ്. ഇത് പെൻമക്കളെ പറഞ്ഞു മനസ്സിലാക്കി മാത്രം വിവാഹം കഴിപ്പിക്കുക.
സ്ത്രീധനം ചോദിച്ചു വരുന്നവർക്ക് അടുത്തുള്ള കണ്ടം കാണിച്ചു കൊടുക്കുക. ചില മാന്യന്മാർ ഉണ്ട് വിവാഹത്തിന് ഒന്നും ചോദിക്കില്ല വിവാഹശേഷം തുടങ്ങും കണക്ക് പറഞ്ഞു ചോദ്യവും വാങ്ങലും. വിവാഹശേഷം സ്ത്രീധനം ചോദിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവന്റെ വീട്ടിൽ നിന്ന് ആ നിമിഷം ഇറങ്ങുവാൻ അവരെ പ്രാപ്തരാക്കുക.
ഗാന്ധിജി പറഞ്ഞത് "Any young man who makes dowry a condition to marriage discredits his education,country n dishonours womanhood". സ്ത്രീധനം ചോദിക്കുന്ന പുരുഷൻ തന്റെ വിദ്യാഭ്യാസത്തെയും, രാജ്യത്തെയും, സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത് എന്നാണ് ഗാന്ധിജി പറഞ്ഞത്.
NHFS-4 (National Family Health Survey) 2018 പ്രകാരമുള്ള കണക്കെടുപ്പിൽ ഇന്ത്യയിൽ പതിനഞ്ചു വയസ്സിൽ മുകളിലുള്ള സ്ത്രീകളിൽ മൂന്നിലൊന്ന് ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ വീടുകളിൽ ഉപദ്രവിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തു വന്നത്.
"അവൾക്ക് രണ്ട് അടി കിട്ടിയാൽ നേരെയാകും" എന്നു പറയുന്ന പുരുഷനാണോ നിങ്ങൾ? എന്നാൽ നിങ്ങളും ഗാർഹികപീഡനത്തെ പ്രോൽത്സാഹിപ്പിക്കുകയാണ്. തല്ലാനും, കൊല്ലാനും ഇത് കോഴിയല്ല. സ്ത്രീയാണ്. അവളെ തൊട്ടാൽ തൊടുന്ന ആ കൈയ്യല്ല, തലയാണ് വെട്ടേണ്ടത് എന്ന് ബാഹുബലി സിനിമയിൽ വെറുതെ പറഞ്ഞതല്ല. അത്രയും കഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ഭാര്യയെ തല്ലുന്ന കൈകൾ ജയിലിൽ ചിക്കൻ ബിരിയാണിയോ, ചപ്പാത്തിയോ ഉണ്ടാക്കേണ്ടി വരണം. അത്രയും മിടുക്കാരാകണം സ്ത്രീകൾ. ഒരു സ്ത്രീയുടെയും നേരെ ഒരുത്തനും കൈ പോക്കരുത്.
ശാരീരികമായോ, മാനസികമായോ, ലൈംഗികമായോ പീഡിപ്പിക്കുവാൻ അനുവദിക്കരുത്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഭർത്താക്കന്മാരെ വരെ ഡിവോഴ്സ് ചെയ്യുവാൻ നമുക്ക് നിയമമുണ്ട്. മിണ്ടാതെ സഹിക്കേണ്ട കാര്യമില്ല സ്ത്രീകളെ. മാനസികമായും പീഡിപ്പിക്കാൻ അനുവദിക്കരുത്. അതും പീഡനം തന്നെയാണ്. മിണ്ടാതെ സഹിക്കുവാൻ ഇത് പുകയല്ല. ജീവിതമാണ്. അത് ഒന്നേയുള്ളൂ. അതിൽ തോൽക്കരുത്. ഭർത്താവായാലും മക്കളായാലും സ്വന്തം ജീവൻ മറന്ന് ആരെയും സ്നേഹിക്കരുത്. നിങ്ങളുടെ ജീവന് പകരം വിലപ്പെട്ടതായി ഒന്നും തന്നെയില്ല ഈ ഭൂമിയിൽ. അത്രയും വിലപ്പെട്ടതാണ് ഒരു സ്ത്രീ.
ഡോ. ഷിനു ശ്യാമളൻ
0 Comments