15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുമ്പോൾ ഉദുമ സ്വദേശിയായ ഹസന് ഒരു പ്രാർഥന മാത്രമേയുണ്ടായിരുന്നുള്ളു. കുട്ടിയെ സുരക്ഷിതമായി തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കണമെന്ന്. ശരവേഗത്തിൽ ആംബുലൻസ് കൊച്ചിയിലേക്ക് കുതിച്ചെത്തിയപ്പോഴേക്കും സർക്കാർ ഇടപെടുകയും കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു

രാവിലെ പുറപ്പെട്ട ആംബുലൻസ് 400 കിലോമീറ്റർ പിന്നിട്ട് അമൃതാ ആശുപത്രിയിൽ എത്തിയത് വെറും അഞ്ചര മണിക്കൂർ കൊണ്ടാണ്. ജനങ്ങളോടും പോലീസിനോടും നന്ദി പറയുകയാണ് ഹസൻ ആദ്യം ചെയ്തത്. വരുന്ന വഴികളിലെല്ലാം അതാത് പ്രദേശത്തെ നാട്ടുകാരും പോലീസും തടസ്സങ്ങളില്ലാതെ ആംബുലൻസിനെ കടത്തിവിടാനായി അക്ഷീണം പ്രയത്‌നിച്ചിരുന്നു.
ഉദുമ സി എച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ KL 60 J 7739 നമ്പർ ആംബുലൻസിലാണ് കാസർകോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിയെയും കൊണ്ട് ഹസൻ യാത്ര പുറപ്പെട്ടത്. മുമ്പും ഒരു രോഗിയെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ച ചരിത്രം ഹസനുണ്ട്. 2017ൽ മംഗലാപുരം എ ജെ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലേക്ക് രോഗിയെയും കൊണ്ട് ഹസൻ ഓടിച്ചെത്തിയത് വെറും 8 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ്.