ഭർത്താവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ വാങ്ങിയ തുക തിരികെ നൽകാനാവാതെ യുവതി പത്ത് വയസുകാരനെ പണയ അടിമയായി ഭൂ ഉടമയ്ക്കു നൽകി. 36,000 രൂപയ്ക്കാണ് കുട്ടിയെ കൈമാറിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
ഭൂ ഉടമയുടെ കീഴിൽ അടിമവേല ചെയ്തുവന്ന കുട്ടിയെ റവന്യൂ അധികൃതർ രക്ഷപെടുത്തി. സർക്കാർ ഇതര സന്നദ്ധസംഘടന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുട്ടിയെ തഞ്ചാവൂരിലെ ശിശുഭവനിലേക്ക് മാറ്റി. കുട്ടിയുടെ പുനരധിവാസത്തിനായി സർക്കാർ രണ്ടു ലക്ഷം രൂപ അനുവദിച്ചു.
തഞ്ചാവൂരിലെ പുതുക്കോട്ട സ്വദേശിയാണ് കുട്ടി. ഗജ ചുഴലിക്കൊടുങ്കാറ്റിൽ പ്രദേശത്ത് വലിയ നാശനഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു വീണാണ് കുട്ടിയുടെ പിതാവ് മരിച്ചത്. ഇതിനെ തുടർന്ന് അന്ത്യകർമങ്ങൾ നിർവഹിക്കാനാണ് ഭൂ ഉടമയിൽനിന്നും 36,000 രൂപ വാങ്ങിയത്.
എന്നാൽ ഈ തുക തിരിച്ചു നൽകാൻ കഴിയാതെവന്നതോടെ യുവതി മകനെ വിട്ടുനൽകുകയായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടവന്ന കുട്ടിക്ക് ഭൂ ഉടമയായ മഹാലിംഗത്തിന്റെ വീട്ടിൽ കഠിന ജോലിയാണ് എടുക്കേണ്ടിവന്നത്. 200 ആടുകളെയാണ് ദിവസവും പരിപാലിക്കേണ്ടത്. രാവിലെ കപ്പിൽ നൽകുന്ന കഞ്ഞി മാത്രമാണ് ഭക്ഷണമെന്നും റവന്യൂ അധികൃതരോട് കുട്ടി പറഞ്ഞു.
ആടുകളോടൊപ്പമാണ് താമസം. വിശ്രമിക്കാനോ കിടക്കാനോ മറ്റൊരു മുറി അനുവദിച്ചിട്ടില്ല. റവന്യൂ അധികൃതർ കേസെടുത്തതിനെ തുടർന്ന് മഹാലിംഗം ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments