ഇ. ടി മുഹമ്മദ് ബഷീര്‍ 
വാഴക്കാട്ടെ എരഞ്ഞിക്കല്‍ തലാപ്പില്‍ മൂസക്കുട്ടി മാസ്റ്ററുടെയും, കട്ടയാട്ട് ഫാത്തിമയുടെയും മകനായി 1946 ജനുവരി 7ന് ജനനം. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കട്ടയാട്ട് റുഖിയയാണ് ഭാര്യ. ഫിറോസ്, സുഹൈബ്, സെമീന നജീബ്, മുനീബ് എന്നിവര്‍ മക്കളാണ്. 
കൊടിയത്തൂര്‍ സൗത്ത് യു പി സ്‌കൂള്‍, വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, ചാലിയം ഉമ്പിച്ചി ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ ജീവനക്കാരനായി ചേര്‍ു. മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ എസ് ടി യു കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. 1970ല്‍ മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. 1985ല്‍ പെരിങ്ങളം മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 വര്‍ഷങ്ങളില്‍ തിരൂരില്‍ നിന്നും എം എല്‍ എയായി. രണ്ട് തവണകളിലായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 2009, 2014 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു. 

തൊഴിലാളി യൂനിയന്‍ നേതാവായിരിക്കെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിയൂട്ടില്‍ നിന്നും നേടിയ പരിശീലനം ഇ. ടിയിലെ നേതാവിനെ വളര്‍ത്തിയെടുത്തു. പ്രഭാഷകനായി, പരിഭാഷകനായും, സംഘാടകനായും, തൊഴിലാളി നേതാവായും അഞ്ച് പതിറ്റാണ്ട് കാലമായി മുസ്ലിം ലീഗില്‍ സജീവമാണ് ഇ. ടി മുഹമ്മദ് ബഷീര്‍. നിലവില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറിയാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ പ്രസിഡന്റാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വഖഫ് ബോര്‍ഡ്, അലീഗഡ് യൂനിവാഴ്‌സിറ്റി കോര്‍ട്ട'് മെമ്പര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, കൊച്ചി നാഷനല്‍ യൂനിവാഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് യാഥാര്‍ഥ്യമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ഡി പി ഇ പി നടപ്പാക്കിയത് ഇ. ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവവും, മേളകളും മലബാറിലേക്ക് കൊണ്ട് വരികയും കലോത്സവങ്ങള്‍ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. 


1970ല്‍ ബേപ്പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തീരുമാനിച്ചുവെങ്കിലും പ്രായം തികഞ്ഞിട്ടില്ലെന്നതിനാല്‍ മത്സരിക്കാനായില്ല. പകരം ഇ. ടി തന്നെയാണ് പികെ ഉമര്‍ഖാന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇഷ്ടപ്പെട്ട 
പരിഭാഷകനായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഇ. ടി മുഹമ്മദ് ബഷീര്‍.
ജര്‍മ്മനി, കാനഡ, നോര്‍വെ, ഡെന്‍മാര്‍ക്ക്, വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.