ശരീരം തളർന്ന് വേദനയുടെ ഇരുൾമൂടിയ ബാബുവിന്റെ ജീവിതത്തിൽ, സന്തോഷത്തിന്റെ നറുനിലാവ് പരത്താൻ, മനസ്സ് നിറയെ നന്മയുടെ വെള്ളിവെളിച്ചവുമായി, ശാന്തിനി കടന്നുവരികയാണ്. മലപ്പുറം ജില്ലയിലെ കാടാമ്പുഴ സ്വദേശി കൊണ്ടംക്കൊടുവത്ത് കോരുവിന്റെ മകൻ ബാബു എന്ന  അരവിന്ദാക്ഷന്റെ, ജീവിത സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ കവിത രചിക്കാനെത്തുന്നത്, പാലക്കാട് ജില്ലയിലെ പെരിങ്ങോട് കടവാരത്ത് കുട്ടിനാരായണന്റെ മകൾ ശാന്തിനിയാണ്. ബാബുവിന്റെ തളർന്ന ശരീരത്തിന് ആത്മവിശ്വാസത്തിന്റെ പുതിയ  കരുത്ത് പകരുവാൻ, നിറമുള്ള പുതിയ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചു നടത്തുവാൻ ഇന്നുമുതൽ ഈ മാലാഖക്കുട്ടിയുമുണ്ടാകും കൂടെ. അക്ഷരങ്ങളെ പ്രണയിക്കുന്ന ബാബുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇനി ശാന്തിനി കവിതകളായി പെയ്തിറങ്ങും.

ബാല്യകൗമാരങ്ങൾ എല്ലാ കുട്ടികളേയും പോലെ തന്നെയായിരുന്നു ബാബുവിന്. കൂട്ടുകാരോടൊപ്പം ഓടിച്ചാടി കളിച്ചു നാടക്കുന്നതിനിടയിൽ കൗമാരത്തിൽ തന്നെ ബാബു ജോലിക്ക് പോകാൻ തുടങ്ങി. ജീവിത സാഹചര്യങ്ങളായിരുന്നു ഇതിന് കാരണം. ഇതിനിടയിൽ പഠനം ഏഴാം ക്ലാസിൽ അവസാനിപ്പിക്കേണ്ടി വന്നു. ഹോട്ടലുകളിലും മറ്റും ജോലിക്കുപോയിരുന്ന ബാബു തന്റെ പതിനാറാം വയസിൽ വാർക്കപ്പണിക്കുപോയി തുടങ്ങി. ജീവിതം മെല്ലെ കരുപിടിപ്പിച്ചു വരുന്നതിനിടയിലാണ് ജോലി സ്ഥലത്ത് വീടിനുമുകളിൽ നിന്ന് വീണ് ക്ഷതം പറ്റി കിടപ്പിലായി ജീവിതം ഇരുളടയുന്നത്. മാസങ്ങളോളം അബോധാവസ്ഥയിൽ കിടന്ന ബാബു മെല്ലെ കൺതുറന്നപ്പോൾ മുന്നിൽ ശൂന്യത മാത്രമായിരുന്നു. ഒറ്റമുറിയിലെ ഏകാന്തവാസം മനം മടുപ്പിക്കുന്നതായിരുന്നു. കരഞ്ഞു തീർത്ത നാളുകളിൽ നിന്നൊരു മോചനത്തിനായി ബാബു എഴുത്തിന്റെ കൈപിടിച്ച് ജീവിതത്തോട് സധൈര്യം പോരാടി. അങ്ങിനെ പ്രഥമ കവിതാ സമാഹാരം രുധിര താരകം പുറത്തിറങ്ങി. പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയാത്ത ബാബു വെറുതെയെങ്കിലും ഒന്ന് മോഹിച്ചിട്ടുണ്ട്. തനിക്കൊരു താങ്ങായി ഒരു ജീവിതപങ്കാളിയെ ലഭിച്ചിരുന്നെങ്കിലെന്ന്. ഇത് ചിലപ്പോഴൊക്കെ ഒരതിമോഹമാണന്ന് മനസ് മന്ത്രിക്കാറുമുണ്ട്. പക്ഷെ കാലം കാത്ത് വെച്ചത് ഇതായിരുന്നു. ബാബുവിന്റെ ജീവിതത്തിൽ ഒരു താങ്ങായി തണലായി മാറാൻ താൻ തെയ്യാറണെന്ന് പറഞ്ഞ് ഒരു പെൺകുട്ടി മുന്നോട്ട് വന്നപ്പോൾ ബാബുവിനെ പോലെ എല്ലാവർക്കുമത് അത്ഭുതമായി തോന്നി. പക്ഷെ ശാന്തിനിയുടേത് ഉറച്ച തീരുമാനമായിരുന്നു. അങ്ങിന ബാബു പാലക്കാടൻ നന്മ മനസിനെ താലി ചാർത്തി സ്വന്തമാക്കി. ഈ സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ മാറാക്കര ഗ്രാമം മുഴുവൻ കൊട്ടും കുരവയുമായി ഒഴുകിയെത്തി.കല്ല്യാണ പന്തലിൽ വെച്ച് പ്രാണേശ്വരിയെ സാക്ഷിയാക്കി തന്റെ അത്മകഥാ പുസ്തകം പ്രകാശനം ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ മറ്റൊരു ഭാഗ്യമായി ബാബു കരുതുന്നു.



ടീം തിരൂർ ലൈവ്
മലപ്പുറം